സ്ഥാപന ചരിത്രം
സാമൂഹിക സാംസ്കാരിക ചരിത്രം
നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന നമ്മുടെ പഞ്ചായത്ത് ഈ കുന്നുകളുടെ മദ്ധ്യേയുള്ള തടപ്രദേശമാണ്. അതുകൊണ്ടുതന്നെയാവാം മുമ്പ് ഈ പ്രദേശത്തെ തിടനാട് എന്നാണ് വിളിച്ചുവന്നിരുന്നത്. ഇവിടെയെത്തിച്ചേര്‍ന്ന ഭക്തശിരോമണിയായ തിരുവുടയാര്‍ സ്വാമികള്‍ ഇവിടെയുണ്ടായിരുന്ന മഹാദേവക്ഷേത്രത്തോടു ചേര്‍ന്ന് ഒരു വൈഷ്ണവക്ഷേത്രം പണികഴിപ്പിച്ചുവെന്നും തുടര്‍ന്ന് തടനാട് കാലക്രമേണ തിരുവുടയാര്നാട് ആയി മാറിയെന്നും കാലക്രമത്തില്‍ തിരുവുടയാര്നാട് തിരുവുടനാടും, തിടനാടുമായി പരിണമിച്ചു എന്നുമാണ് ശ്രീ. എന്‍. പരമേശ്വരന് മൂസത് രചിച്ച തിടനാട് തിടനാട് മഹാദേവക്ഷേത്രം ചരിത്രസംഗ്രഹത്തില് പറയുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നാല്‍പ്പതോളം ബ്രാഹ്മണ കുടുംബങ്ങള്‍ ആയിരുന്നു ഈ പ്രദേശത്ത് ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു. അങ്ങനെയിരിക്കെ, മധുരയില്‍ നിന്നും, അവിടുത്തെ രാജാവിന്റെ ആളുകളുമായുണ്ടായ ഭിന്നതയെത്തുടര്‍ന്ന് തങ്ങളുടെ സമ്പാദ്യങ്ങളുമായി മധുര വിട്ടുപോന്ന വൈശ്വര് (ചെട്ടിയാന്മാര്) ഇവിടെയെത്തിച്ചേര്ന്നുവെന്നും അവരെ നയിച്ചിരുന്ന സ്വാമിമാരില്‍ ഒരാളായിരുന്നു തിരുവുടയാര്‍ സ്വാമികള്‍ എന്നുമാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തോടൊപ്പം കുറെയാളുകള്‍ തടനാട്ടില് പാര്‍പ്പുറപ്പിച്ചപ്പോള്‍ മറ്റൊരു സ്വാമിയായ കൊണ്ടുടയാര്‍ സ്വാമികളുടെ നേതൃത്വത്തില്‍ കുറെയാളുകള്‍ അല്‍പ്പം അകന്ന് മറ്റൊരിടത്ത് താമസമാരംഭിച്ചുവെന്നും അവര്‍ അധിവാസമുറപ്പിച്ച പ്രദേശത്തിന് കൊണ്ടൂര്‍ എന്ന പേരും സിദ്ധിച്ചുവെന്നുമാണ് ഐതിഹ്യം. ഇക്കൂട്ടത്തിലുണ്ടായിരുന്ന ചോറ്റുടയാര്‍ സ്വാമികളുടെ നേതൃത്വത്തില്‍ മറ്റൊരിടത്ത് അധിവസിക്കുകയും ചോറ്റുടയാര്‍ സ്വാമികളുടെ നാമത്തെ അടിസ്ഥാനമാക്കി അവിടം ചോറ്റുതോട് ആയി മാറിയെന്നും കരുതപ്പെടുന്നു.
അക്കാലത്തെ നാടിന്റെ ഭരണം, ക്ഷേത്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നാട്ടുപ്രമാണികളായിരുന്നുവെന്നും അവര്‍ നീതിന്യായ നടത്തിപ്പുക്കാരായിരുന്നു എന്നും കരുതാവുന്നതാണ്. തിടനാട് മഹാദേവക്ഷേത്രത്തില്‍ ഇന്നും ഉള്ള ഒരു മണിയില്‍ "നൂറു പുത്തന്‍ വാങ്ങി പനച്ചേല്‍ പണിക്കരെ പിഴച്ചു തൂക്കിക്കൊല്ലാന്‍ അനുവദിച്ചതിന് ഈ മണി പടിഞ്ഞാറ്റപ്പന്റെ നടയില്‍ തൂക്കി നാരായണമംഗലത്ത് വിക്രമന് വിക്രമന് പ്രായശ്ചിത്തം ചെയ്തു" എന്ന് കൊത്തിയിട്ടുള്ളതാണ്. ഇത്തരത്തിലൊരു നിഗമനത്തിന് അടിസ്ഥാനം. അക്കാലത്ത് ബ്രാഹ്മണേതര വിഭാഗത്തില്‍പ്പെട്ടവരും ഈ നാട്ടില്‍ അധിവസിച്ചിരുന്നു എന്നും ഇതില്‍നിന്നും വ്യക്തമാകുന്നു.
ഇക്കാലഘട്ടങ്ങളെ സംബന്ധിച്ച മേല്സൂചിപ്പിച്ചതൊഴികെയുള്ള ചരിത്രരേഖകളൊന്നും ലഭ്യമല്ല. ഒരു നൂറ്റാണ്ട് മുമ്പുവരെ, പഞ്ചായത്തിലെ വേങ്ങത്താനം, കരിമ്പനോലി, മാടംകെട്ടി തുടങ്ങിയ പ്രദേശങ്ങള്‍ സ്വകാര്യ വനത്തിന്റെ ഭാഗങ്ങളായിരുന്നു. മറ്റുഭാഗങ്ങള്‍ കൃഷിഭൂമിയുമായിരുന്നു. അക്കാലത്ത് ഭൂമിയുടെ ഉടമസ്ഥത മിക്കവാറും ജډിമാരുടെ കൈകളിലായിരുന്നു. അവര്‍ തങ്ങളുടെ ഭൂമി ദേഹണ്ഡങ്ങള്ക്കായി വാക്കാല്‍ പാട്ടത്തിനും (കിളച്ചുപാതി) കുടിയാന്മാര്ക്കും നല്‍കിയിരുന്നു. ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ കൃഷിക്കാരായിത്തീര്‍ന്നു.
മറ്റ് ദേശങ്ങളില്‍ നിന്ന് ഈ പ്രദേശത്ത് കുടിയേറിപ്പാര്ത്തവര് ഒഴികെയുള്ള ക്രിസ്തുമത വിശ്വാസികള്‍ ഹിന്ദുമതത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. പിന്നീട് നിരവധിയാളുകള്‍ കത്തോലിക്കാസഭയില്‍ നിന്ന് സി.എം.എസ്. സഭയിലേക്ക് മാറുകയുണ്ടായി. സ്വന്തം മതത്തിലെ സവര്‍ണ്ണവിഭാഗത്തിന്റെ അവഗണനയും, തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും ഇതിനുള്ള പ്രേരകശക്തിയായിരുന്നു. അന്ന് ജډിമാര്‍ ക്രൂരമായായിരുന്നു പെരുമാറിയിരുന്നത്. സി.എം.എസ്. സഭയില്‍ ചേരുന്നവര്‍ക്ക് സംരക്ഷണം ലഭിച്ചിരുന്നതും നിരവധിയാളുകളെ ഈ സഭയിലേക്ക് ആകര്‍ഷിക്കുന്നതിനു കാരണമായി.
രണ്ടുനൂറ്റാണ്ടുകള്‍ മുമ്പുവരെ ഇവിടെയുണ്ടായിരുന്ന ജനജീവിതത്തിന്റെ കേന്ദ്രബിന്ദു ക്ഷേത്രങ്ങള്‍ ആയിരുന്നു. തിടനാട് മഹാദേവക്ഷേത്രമാണ് ഇവിടുത്തെ പുരാതനമായ ആരാധനാലയം. ഇത് ഒരു ശിവക്ഷേത്രമായതിനാല്‍ അക്കാലത്ത് ഇവിടുണ്ടായിരുന്നത് ശൈവഭക്തരായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ഈ ക്ഷേത്രത്തിനു വടക്കുവശത്തായി, തനിക്ക് സ്വപ്നത്തില്‍ ലഭിച്ച ദര്‍ശനത്തിനനുസരിച്ച്, നാട്ടുകാരുടെ സഹകരണത്തോടെ തിരുവുടയാര്‍ സ്വാമികള്‍ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പടിഞ്ഞാറ് ദര്‍ശനമായി നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠയും, കിഴക്ക് ദര്‍ശനമായി ശ്രീകൃഷ്ണ പ്രതിഷ്ഠയുമാണ് ഇവിടുള്ളത്. സ്വാമിയുടെ നിര്‍ദ്ദേശാനുസരണം അന്ന് ആരംഭിച്ച ചന്ദനം ചാര്‍ത്തല്‍, ജലധാര, കര്‍പ്പൂരം ഉഴിച്ചില്‍ തുടങ്ങിയവ ഇന്നും തുടര്‍ന്നുപോരുന്നു. ചോതിദിനത്തില് കൊടിയേറി ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ശിവരാത്രിയാണ് മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ശബരിമല ദര്‍ശനത്തിന് പോകുന്ന ഒട്ടേറെ അയ്യപ്പന്മാര് ഈ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനയും വിശ്രമവും കഴിഞ്ഞാണ് ശബരിമലയാത്ര തുടര്‍ന്നിരുന്നത്.
ഇന്ന് പഞ്ചായത്തിലെ ജനസംഖ്യയില്‍ നല്ല ശതമാനവും ക്രൈസ്തവരും ഹൈന്ദവരും ന്യൂനപക്ഷ മുസ്ലീമങ്ങളുമാണ്. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവദേവാലയം 1895 ജനുവരി 16-ന് ഇടവകപ്പള്ളിയായ് ഉയര്‍ത്തപ്പെട്ട സെന്റ്. ജോസഫ് ദേവാലയമാണ്. അതുവരെ ഇവിടെയുള്ള ക്രൈസ്തവര്‍ ആശ്രയിച്ചിരുന്നത് അരുവിത്തുറ, ആനക്കല്ല് പളളികളെയായിരുന്നു. ഇടവകപ്പള്ളിയായി ഉയര്‍ത്തപ്പെടുന്നതിനുമുമ്പ് അരുവിത്തുറ പള്ളിയുടെ കുരിശുപള്ളിയായിരുന്നു തിടനാട് പള്ളി. 1865 ജനുവരി 23-ന് ഇന്നത്തെ പള്ളിയുടെ ശിലാസ്ഥാപനം നടത്തപ്പെടുകയും 1877 ജനുവരി 22-ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വെഞ്ചരിപ്പ് നടത്തുകയും ചെയ്തു. ജനുവരി 23-ന് ബഹുമാനപ്പെട്ട വലിയവീട്ടില്‍ ഇട്ടിച്ചെറിയത് അച്ചന് പള്ളിയില്‍ പ്രഥമ ബലി അര്‍പ്പിക്കുകയും ചെയ്തു. ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടായ ജനവര്ദ്ധനയെത്തുടര്ന്ന് 1917-ല്‍ അമ്പാറനിരപ്പേല്‍ സെന്റ്. ജോണ്‍സ് ദേവാലയവും, 1922-ല്‍ ചെമ്മലമറ്റം പന്ത്രണ്ടുശ്ശീഹാമാരുടെ പള്ളിയും 1953-ല്‍ ചേറ്റുതോട് ഫാത്തിമാതാ പള്ളിയും സ്ഥാപിതമായി.
തിടനാട് മഹാദേവക്ഷേത്രം പോലെതന്നെ പഴക്കമുള്ള ക്ഷേത്രമാണ് കൊണ്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും. പടിപ്പുരയ്ക്കല്‍ കുടുംബക്ഷേത്രമായ പടിപ്പുരയ്ക്കല്‍ മാതംഗി ഭഗവതിക്ഷേത്രവും, കൈപ്പള്ളി ഇല്ലംവക കൈപ്പള്ളിക്കാവും നമ്മുടെ പഞ്ചായത്തില്‍ത്തന്നെയുള്ള ആരാധനാലയങ്ങളാണ്.
1910 മുതല്‍ കുറെക്കാലത്തേയ്ക്ക് തിടനാട് സെന്റ്. ജോസഫ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ഗ്രാന്റോടുകൂടി ഒരു പ്രൈമറി സ്കൂള്‍ നടത്തിയിരുന്നു. ഗ്രാന്റിനു പുറെമേ, അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് വീടൊന്നിന് ഒരുരൂപ 'കെട്ടുതെങ്ങും' മാസംതോറും ഒരിടങ്ങഴി അരിയും ഇടവകക്കാര് നല്‍കിയിരുന്നു. കൊല്ലവര്‍ഷം 1093-ാംമാണ്ടില്‍ തിടനാട് സډാര്ഗ ദര്‍ശിനി ഹൈന്ദവസമാജം പ്രവര്‍ത്തനമാരംഭിച്ചു. അക്കാലത്ത് എല്ലാ ഹൈന്ദവവിഭാഗങ്ങളിലും പെട്ടവര്‍ ഈ സംഘടനയിലെ അംഗങ്ങള്‍ ആയിരുന്നു. 1942-ലാണ് ശ്രീ. ടി.കെ. മാധവന്റെ ആഹ്വാനപ്രകാരം എസ്.എന്‍.ഡി.പി. ശാഖായോഗം ഇവിടെ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഈ പഞ്ചായത്തിലുണ്ടായിരുന്ന സഞ്ചാരയോഗ്യമായ ഏക റോഡ് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡായിരുന്നു. ഈ പ്രദേശത്തെ കാര്‍ഷികോത്പന്നങ്ങള്‍ ആലപ്പുഴ, അതിരമ്പുഴ തുടങ്ങിയ വിപണനകേന്ദ്രത്തില്‍ എത്തിച്ചിരുന്നതും ഈ പ്രദേശത്തേയ്ക്കാവശ്യമായ വസ്തുക്കള്‍ ഇവിടേയ്ക്കെത്തിച്ചിരുന്നതും ചിറ്റാറ്റിലൂടെ വള്ളത്തിലായിരുന്നു. കച്ചവടശാലകള്‍ ഇല്ലാതിരുന്ന അക്കാലത്ത് വള്ളത്തില്‍ സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. 1930കളുടെ ആരംഭത്തിലാണ് ഇന്നത്തെ തിടനാട് ടൗണില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഒരു പൊതുമാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അതിന്റെ വികസിതരൂമാണ് ഇന്നുകാണുന്ന തിടനാട് ടൗണ്‍.
അക്കാലത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗം കൃഷിയും മൃഗസംരക്ഷണവുമായിരുന്നു. തെങ്ങ്, നെല്ല്, കമുക്, കാപ്പി, തേയില, കുരുമുളക് തുടങ്ങിയ നാണ്യവിളകളും കപ്പ, ചേന, ചേമ്പ്, കാച്ചില് തുടങ്ങിയ ഭക്ഷ്യവിളകളും, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പൂ, ജാതി തുടങ്ങിയ സുഗന്ധവിളകളുമായിരുന്നു പ്രധാന കൃഷി. അക്കാലത്ത്, നമ്മുടെ പ്രദേശത്ത് കരനെല്‍കൃഷി വ്യാപകമായിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചുള്ള പരമ്പരാഗത കൃഷിരീതികളായിരുന്നു നിലനിന്നിരുന്നത്. അക്കാലത്ത് അയല്‍ക്കാരായ കുടുംബങ്ങള്‍ യോജിച്ചും സഹകരിച്ചും അദ്ധ്വാനഭാരം കൂടുതലുള്ള ജോലികള്‍ നിര്‍വ്വഹിച്ചിരുന്നു, ഒരു കുടുംബത്തിന്റെ ഭൂമിയില്‍ നടത്തുന്ന കളപറിയ്ക്കല്‍, വിത്തുവിതയ്ക്കല്‍, തുടങ്ങിയ കാര്ഷികജോലികളിലും പുരകെട്ട് പോലുള്ള പണികളിലും അടുത്തുള്ള കുടുംബങ്ങള്‍ സഹകരിക്കുകയും, അവര്‍ ജോലിചെയ്ത തൊഴില്ദിനങ്ങള്ക്കനുസരിച്ച് പകരം അവരുടെ പുരയിടത്തില്‍ ജോലിചെയ്തുകൊടുക്കുന്ന മാറ്റാള് പണി അക്കാലത്ത് നിലനിന്നിരുന്നു. കാര്ഷിവൃത്തിയുടെ അഭിവാജ്യഘടകമായിരുന്നു അക്കാലത്ത് മൃഗസംരക്ഷണം. ജനസംഖ്യ താരതമ്യേന കുറവായിരുന്നതിനാല്‍ വിസ്തൃതമയി നിലവിലുണ്ടായിരുന്ന വെളിപ്രദേശങ്ങളും പുല്‍മേടുകളും കാലിവളര്‍ത്തലിന് അനുയോജ്യമായിരുന്നു.
വിദ്യാഭ്യാസരംഗത്ത് തിടനാട് പഞ്ചായത്തില്‍ ആദ്യം രൂപംകൊണ്ടത് 1915-ല്‍ സ്ഥാപിതമായ തിടനാട് ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂളാണ്. 1949-ല്‍ ഈ പ്രൈമറി വിദ്യാലയം അപ്പര്പ്രൈമറി സ്കൂളായും 1974-ല്‍ ഹൈസ്കൂളായും ഉയര്‍ത്തുകയുണ്ടായി. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 1984-ല്‍ തൊഴില്‍ അധിഷ്ഠിത കോഴ്സും ഇവിടെ ആരംഭിക്കപ്പെട്ടു. തിടനാട് പ്രൈമറിസ്കൂള്‍ ആരംഭിച്ചക്കാലത്ത് തന്നെയാണ് അമ്പാറനിരപ്പേല്‍ പള്ളിയോടനുബന്ധിച്ച് സെന്റ്. ജോണ്‍സ് ലോവര്പ്രൈമറി സ്കൂള്‍ സ്ഥാപിതമായത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംദശകത്തില്‍ 1916-ല്‍ പാതാഴഭാഗത്ത് സെന്റ്. സെബാസ്റ്റ്യന്‍സ് ലോവര്‍ പ്രൈമറി സ്കൂളും 1977-ല്‍ വെയിലുകാണാംപാറ സെന്റ്. ജോര്‍ജ്ജ് ലോവര്‍ പ്രൈമറി സ്കൂളും ആരംഭിക്കപ്പെട്ടു. തിടനാട് പഞ്ചായത്തിലെ ആദ്യ സ്കൂള്‍ എന്ന് അവകാശപ്പെടാവുന്നത് ഒരര്‍ത്ഥത്തില്‍ പിണ്ണാക്കനാട് സി.എം.എസ്. എല്‍.പി. സ്കൂളിനാണ്. കാരണ് 1930തിലാണ് അംഗീകൃത സ്കൂളായി പ്രവര്‍ത്തനമാരംഭിക്കുന്നതെങ്കിലും 1887-ല്‍ സി.എം.എസ്. പള്ളിയുടെ ആഭിമുഖ്യത്തില്‍ ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിച്ചിരുന്നുയെന്ന് സ്കൂള്‍ സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. 1926-ല്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ചെമ്മലമറ്റം ലിറ്റില്‍ഫ്ളവര്‍ സ്കൂള്‍ 1979-ല്‍ അപ്പര്പ്രൈമറി സ്കൂളായും 1983-ല്‍ ഹൈസ്കൂളായും ഉയര്‍ത്തുകയുണ്ടായി. 1966-ല്‍ പ്രവര്നമാരംഭിച്ചതാണ് ചേറ്റുതോട് സെന്റ് ജോസഫ് എല്‍.പി.സ്കൂള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്തന്നെ പഞ്ചായത്തിന്റെ മിക്കപ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അതിനുമുമ്പ് വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ആശാന് കളരികളെയും കുടിപ്പള്ളിക്കൂടങ്ങളെയുമായിരുന്നു.
നമ്മുടെ പഞ്ചായത്തിലെ ജനങ്ങളുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുത്തുന്നതിനു സഹായകമായ റബ്ബര്‍കൃഷി ഇവിടെ പ്രചാരത്തിലാവുന്നത് 1930കളുടെ ആരംഭത്തിലാണ്. ഇക്കാലത്ത് മുണ്ടക്കയം, തീക്കോയി എന്നിവിടങ്ങളില്‍ വിദേശികള്‍ റബ്ബര്‍ എസ്റ്റേറ്റുകള്‍ സ്ഥാപിച്ചിരുന്നു. റബ്ബര്‍കൃഷി വ്യാപകമായതോടെ മറ്റ് വിളകളുടെ കൃഷിയില്‍ നിന്നും കര്ഷകന് ക്രമേണ പിന്മാറുകയും പഞ്ചായത്തിലെ പ്രധാന കൃഷി റബ്ബര്‍ ആയി മാറുകയും ചെയ്തു. അക്കാലത്ത് 100 റബ്ബറിന് വെട്ടുകൂലി 4 അണ ആയിരുന്നുവെന്നും കൂലിപ്പണിക്ക് 6 അണയും ആശാരിപ്പണി, മേസ്തിരിപ്പണി തുടങ്ങിയവയ്ക്ക് 8 അണയും ആയിരുന്നു കൂലിയെന്നാണ് ചരിത്രമുറങ്ങുന്ന പൂഞ്ഞാര്‍ എന്ന ശ്രീ. മാത്യു മണ്ണാറാകത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
1954-ല്‍ ആണ് തിടനാട് ഒരു എക്സ്ട്രാ ഡിപ്പാര്‍ട്ടുമെന്റല്‍ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നത്. മുമ്പ് രണ്ട് സിനിമാതീയേറ്റര്‍ പഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കിലും രണ്ടിന്റെയും പ്രവര്‍ത്തനം നിലച്ചുപോയി. ടെലിവിഷന്‍, റേഡിയോ തുടങ്ങിയ വിനോദോപാധികള്‍ ഒന്നുമില്ലാതിരുന്ന കാലഘട്ടത്തില്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ പെരുന്നാളുകളുമായിരുന്നു ജനങ്ങളുടെ പ്രധാന സാംസ്കാരികഘോഷങ്ങള്. കുറത്തിയാട്ടം, വില്ലൊടിച്ചാന്‍ പാട്ട്, തിരുവാതിരകളി തുടങ്ങിയ നാടന്‍ കലകളില്‍ പ്രാവീണരായിരുന്ന ധാരാളംപേര്‍ അക്കാലത്തുണ്ടായിരുന്നു. ഉത്സവങ്ങളോടും പെരുന്നാളുകളോടുമനുബന്ധിച്ച് നാടകങ്ങളും നൃത്തനൃത്യങ്ങളുമവതരിപ്പിച്ചിരുന്ന നിരവധി ട്രൂപ്പുകള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്നു. നിരവധി സ്റ്റേജുകളില്‍ നാടകമവതരിപ്പിച്ച് പ്രശസ്തി നേടിയ പ്രൊഫഷണല്‍ നാടകട്രൂപ്പുകള്‍ തിടനാടിന്റെ അഭിമാനമായി പരിലസിച്ചിരുന്നു. പൂണ്ടന്ക്കള, തേങ്ങാവെട്ട് തുടങ്ങിയ കാര്‍ഷികപ്രവര്‍ത്തനങ്ങളും പുരകെട്ട്, വിവാഹാഘോഷം തുടങ്ങിയവയും അയല്‍വീട്ടുകാര്‍ ഒത്തുകൂടി ആഘോഷങ്ങളാക്കി മാറ്റിയിരുന്നു.
ഇത്തരം കൂട്ടായ്മകള്‍ ജോലിഭാരം ലഘൂകരിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കിടയില്‍ സഹകരണമനോഭാവം വര്‍ദ്ധിപ്പിക്കുന്നതിനും അകല്‍ച്ച ഇല്ലാതാക്കുന്നതിനും ഉപകരിച്ചിരുന്നു. നമ്മുടെ പഞ്ചായത്തില്‍ ഇന്ന് നിലവിലുള്ള 70 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റോഡുകള്‍ എല്ലാംതന്നെ ജനങ്ങളുടെ കൂട്ടായ്മയിലൂടെയും സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും നിര്‍മ്മിക്കപ്പെട്ടവയാണ്. എന്നാല്‍ ഇന്നിപ്പോള്‍ പരസ്പരമുള്ള കൂട്ടായ്മയിലും സഹകരണത്തിനും കുറവുണ്ടായിരിക്കുന്നതായി കാണാവുന്നതാണ്.
1928-ല്‍ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് മീനച്ചില്‍ താലൂക്കിന്റെ പ്രതിനിധിയായി ശ്രീ. വര്‍ക്കി ജോസഫ് വെള്ളൂകുന്നേലും 1931-ല്‍ ശ്രീ. വര്‍ക്കി ചാക്കോ വെള്ളൂകുന്നേലും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പൊതുവെ കാര്ഷികപ്രവര്ത്തനങ്ങളില് ഏര്‍പ്പെട്ടിരുന്ന നമ്മുടെ പഞ്ചായത്തിലെ ജനങ്ങള്‍ക്കിടയിലും ബ്രിട്ടീഷ് ഭരണത്തിനെതിരെ നാടെങ്ങും നടന്ന സമരാവേശം പടര്‍ന്നിരുന്നു എങ്കിലും മുന്‍നിരയിലെത്തിയ സ്വാതന്ത്രസമര പോരാളികള്‍ ഉയര്‍ന്നുവരികയുണ്ടായില്ല. എന്നാല്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് സ്വാതന്ത്രസമരത്തില്‍ അണിചേര്‍ന്ന നിരവധി യുവാക്കള്‍ ഇവിടെയുണ്ടായിരുന്നു. അവരുടെ സജീവസാന്നിദ്ധ്യം തിടനാട് പഞ്ചായത്തിന്റെ സാമൂഹികസാംസ്കാരിക മണ്ഡലങ്ങളില്‍ ഒരു പുത്തനുണര്വ്വുണ്ടാക്കുകയും ചെയ്തു.