ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഈരാറ്റുപേട്ട ബ്ളോക്കില്‍ കൊണ്ടൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തിടനാട് ഗ്രാമപഞ്ചായത്ത്. 37.19 വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ഈരാറ്റുപേട്ട, ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകള്‍, കിഴക്ക് പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാറത്തോട് പഞ്ചായത്തുകള്‍, തെക്ക് പാറത്തോട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമാണ് തിടനാട് പഞ്ചായത്തിനുള്ളത്.  ഹിന്ദു-ക്രിസ്തു മതവിശ്വാസികളാണ് തിടനാട് നിവാസികള്‍. വിരലിലെണ്ണാവുന്ന മുസ്ളീം കുടുംബങ്ങളുമുണ്ട്. ഈ പഞ്ചായത്തിലെ പുരാതനക്ഷേത്രം തിടനാട് മഹാദേവക്ഷേത്രവും, പുരാതനപള്ളി തിടനാട് സെന്റ് ജോസഫ് ദേവാലയവുമാണ്. 1953 ആഗസ്റ്റ് 15 നാണ് തിടനാട്ടുപഞ്ചായത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതി ഉണ്ടാകുന്നത്. അക്കാലത്ത് ഈരാറ്റുപേട്ട പഞ്ചായത്ത് രൂപീകൃതമായിട്ടില്ലായിരുന്നു. തിടനാട് പഞ്ചായത്തിന്റെ വിസ്തൃതി അന്ന് വിപുലമായിരുന്നു. ഇപ്പോള്‍ അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന ഭാഗം മുതല്‍ തെക്കോട്ട് തിടനാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു.   വി.സി.ദേവസ്യ ചിറ്റപ്പനാട്ട് പ്രസിഡന്റായും ആര്‍.നാരായണപിള്ള വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പട്ടു. തിടനാട് പഞ്ചായത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക മേഖല കുറത്തിയാട്ടം, ഗരുഡന്‍ പറവ, കോലടികളി, വില്ലടിച്ചാന്‍ പാട്ട് എന്നീ നാടന്‍ കലകളാല്‍ സമൃദ്ധമായിരുന്നു. തിടനാട് ഗ്രാമത്തിന് ചരിത്രമുറങ്ങുന്ന ചിര പുരാതനമായ ഒരു സാംസ്ക്കാരിക പൈതൃകം അവകാശപ്പെടാനുണ്ടെന്നു കാണാം. നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന “തടപ്രദേശം”  എന്നതുകൊണ്ടു തന്നെ ഈ പ്രദേശത്തെ  തിടനാട് എന്നു വിളിച്ചുപോന്നു.